Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Deuteronomy 5
5 / 34
1
മോശെ എല്ലായിസ്രായേലിനോടും വിളിച്ചുപറഞ്ഞതു എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‌വിൻ.
2
നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ.
3
ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടു, ഇന്നു ഇവിടെ ജീവനോടിരിക്കുന്ന നമ്മോടു ഒക്കെയും തന്നേ ചെയ്തതു.
4
യഹോവ പൎവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.
5
തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പൎവ്വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചതു എന്തെന്നാൽ:
6
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
7
ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
8
വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വൎഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.
9
അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദൎശിക്കയും
10
എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവൎക്കു ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു.
11
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
12
നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക.
13
ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
14
ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്ക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.
15
നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെനിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓൎക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.
16
നിനക്കു ദീൎഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
17
കുല ചെയ്യരുതു.
18
വ്യഭിചാരം ചെയ്യരുതു.
19
മോഷ്ടിക്കരുതു.
20
കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
21
കൂട്ടുകാരന്റെ ഭാൎയ്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.
22
ഈ വചനങ്ങൾ യഹോവ പൎവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സൎവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
23
എന്നാൽ പൎവ്വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയിൽ അന്ധകാരത്തിന്റെ നടുവിൽനിന്നുള്ള ശബ്ദംകേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ സകലഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽ വന്നു പറഞ്ഞതു.
24
ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.
25
ആകയാൽ ഞങ്ങൾ എന്തിന്നു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങൾ ഇരയായ്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും.
26
ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവിൽനിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?
27
നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും കേൾക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറക: ഞങ്ങൾ കേട്ടു അനുസരിച്ചുകൊള്ളാം.
28
നിങ്ങൾ എന്നോടു സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോടു കല്പിച്ചതു: ഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാൻ കേട്ടു; അവർ പറഞ്ഞതു ഒക്കെയും നല്ലതു.
29
അവൎക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവൎക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.
30
നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്നു അവരോടു ചെന്നു പറക.
31
നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാൻ അവൎക്കു അവകാശമായി കൊടുക്കുന്ന ദേശത്തു അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും.
32
ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‌വാൻ ജാഗ്രതയായിരിപ്പിൻ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.
33
നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീൎഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊൾവിൻ.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books