Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Esther 6
6 / 10
1
അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു;
2
ഉമ്മരിപ്പടി കാവല്ക്കാരായി രാജാവിന്റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേർ അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്‌വാൻ ശ്രമിച്ചിരുന്ന സംഗതി മൊൎദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നതു കണ്ടു.
3
ഇതിന്നു വേണ്ടി മൊൎദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു എന്നു രാജാവു ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാർ പറഞ്ഞു.
4
പ്രാകാരത്തിൽ ആരുള്ളു എന്നു രാജാവു ചോദിച്ചു. എന്നാൽ ഹാമാൻ മൊൎദ്ദെഖായിക്കു വേണ്ടി താൻ തീൎപ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാൻ രാജധാനിയുടെ പുറത്തു പ്രാകാരത്തിൽ വന്നു നില്ക്കയായിരുന്നു.
5
രാജാവിന്റെ ഭൃത്യന്മാർ അവനോടു: ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു എന്നു പറഞ്ഞു. അവൻ അകത്തു വരട്ടെ എന്നു രാജാവു കല്പിച്ചു.
6
ഹാമാൻ അകത്തു വന്നപ്പോൾ രാജാവു അവനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാൻ ഇച്ഛിക്കും എന്നു ഹാമാൻ ഉള്ളുകൊണ്ടു വിചാരിച്ചു.
7
ഹാമാൻ രാജാവിനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു വേണ്ടി
8
രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയിൽ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.
9
വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തന്റെ കയ്യിൽ ഏല്പിക്കേണം; രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറയേണം എന്നു പറഞ്ഞു.
10
രാജാവു ഹാമാനോടു: നീ വേഗം ചെന്നുവസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്ന യെഹൂദനായ മൊൎദ്ദെഖായിക്കു അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ ഒന്നും കുറെച്ചുകളയരുതു എന്നു കല്പിച്ചു.
11
അപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്നു മൊൎദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറഞ്ഞു.
12
മൊൎദ്ദെഖായി രാജാവിന്റെ വാതില്ക്കൽ മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തലമൂടിയുംകൊണ്ടു വേഗത്തിൽ വീട്ടിലേക്കു പോയി.
13
തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാൎയ്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാൎയ്യ സേരെശും അവനോടു: മൊൎദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.
14
അവർ അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവിന്റെ ഷണ്ഡന്മാർ വന്നു എസ്ഥേർ ഒരുക്കിയവിരുന്നിന്നു ഹാമാനെ വേഗത്തിൽ കൂട്ടിക്കൊണ്ടുപോയി.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books