Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Ezekiel 21
21 / 48
1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2
മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിന്നു നേരെ തിരിച്ചു വിശുദ്ധമന്ദിരത്തിന്നു വിരോധമായി പ്രസംഗിച്ചു യിസ്രായേൽദേശത്തിന്നു വിരോധമായി പ്രവചിച്ചു യിസ്രായേൽദേശത്തോടു പറയേണ്ടതു:
3
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ പുറപ്പെട്ടു എന്റെ വാൾ ഉറയിൽനിന്നു ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയും.
4
ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളവാൻ പോകുന്നതുകൊണ്ടു, തെക്കുമുതൽ വടക്കുവരെ സകലജഡത്തിന്നും വിരോധമായി എന്റെ വാൾ ഉറയിൽനിന്നു പുറപ്പെടും.
5
യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയെന്നു സകലജഡവും അറിയും.
6
അതു ഇനി മടങ്ങിപ്പോരികയില്ല. നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീൎപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീൎപ്പിടുക.
7
എന്തിന്നു നെടുവീൎപ്പിടുന്നു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടതു: ഒരു വൎത്തമാനംനിമിത്തം തന്നേ; അതു സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നുകഴിഞ്ഞു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
8
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
9
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ; ഒരു വാൾ; അതു മൂൎച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.
10
കുല നടത്തുവാൻ അതിന്നു മൂൎച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അതു എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിരസിക്കുന്നു.
11
ഉപയോഗിപ്പാൻ തക്കവണ്ണം അവൻ അതു മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുപ്പാൻ ഈ വാൾ മൂൎച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12
മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അതു എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും അവർ എന്റെ ജനത്തോടുകൂടെ വാളിന്നു ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.
13
അതൊരു പരീക്ഷയല്ലോ; എന്നാൽ നിരസിക്കുന്ന ചെങ്കോൽ തന്നേ ഇല്ലാതെപോയാൽ എന്തു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
14
നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.
15
അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരിൽ പട്ടുപോയവർ പെരുകേണ്ടതിന്നും ഞാൻ വാളിൻമുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വെച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കുലെക്കായി കൂൎപ്പിച്ചിരിക്കുന്നു.
16
പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നെടത്തേക്കു തന്നേ പുറപ്പെടുക.
17
ഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
18
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
19
മനുഷ്യപുത്രാ, ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന്നു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നേ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലെക്കൽ നാട്ടുക.
20
അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദയിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന്നു നീ വഴി നിയമിക്ക.
21
ബാബേൽരാജാവു ഇരുവഴിത്തലെക്കൽ, വഴിത്തിരിവിങ്കൽ തന്നേ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്റെ അമ്പുകളെ കുലുക്കി കൊലദേവന്മാരോടു ചോദിക്കയും കരൾ നോക്കുകയും ചെയ്യുന്നു.
22
യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വൻകൊലെക്കായി വായ്പിളൎന്നു ആൎപ്പുവിളിക്കേണ്ടതിന്നും വാതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെക്കേണ്ടതിന്നും വാട കോരി കൊത്തളം പണിയേണ്ടതിന്നും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലങ്കയ്യിൽ വന്നിരിക്കുന്നു.
23
എന്നാൽ അതു അവൎക്കു വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന്നു അവൻ അകൃത്യം ഓൎപ്പിക്കുന്നു.
24
അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓൎപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓൎത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കയ്യാൽ പിടിക്കും.
25
നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്റെ കാലത്തു നിന്റെ നാൾ വന്നിരിക്കുന്നു.
26
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയൎത്തുകയും ഉയൎന്നതിനെ താഴ്ത്തുകയും ചെയ്യും.
27
ഞാൻ അതിന്നു ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.
28
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
29
അന്ത്യാകൃത്യത്തിന്റെ കാലത്തു, നാൾ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വെക്കേണ്ടതിന്നു അവർ നിനക്കു വ്യാജം ദൎശിക്കുന്ന നേരത്തും നിനക്കു ഭോഷ്കുലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കൊലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.
30
അതിനെ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു, നിന്റെ ജന്മദേശത്തു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും,
31
ഞാൻ എന്റെ ക്രോധം നിന്റെമേൽ പകൎന്നു എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാൻ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നെ ഏല്പിക്കും.
32
നീ തീക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓൎക്കയില്ല; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books