Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Ezekiel 3
3 / 48
1
അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുൾ തിന്നിട്ടു ചെന്നു യിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.
2
ഞാൻ വായ്തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു:
3
മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അതു വായിൽ തേൻപോലെ മധുരമായിരുന്നു.
4
പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.
5
അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;
6
അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാൻ നിന്നെ അയച്ചെങ്കിൽ അവർ നിന്റെ വാക്കു കേൾക്കുമായിരുന്നു.
7
യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവൎക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.
8
എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.
9
ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.
10
അവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.
11
നീ നിന്റെ ജനത്തിൻ പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്നു, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ചു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക.
12
അപ്പോൾ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു.
13
ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാൻ കേട്ടു.
14
ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു.
15
അങ്ങനെ ഞാൻ കെബാർനദീതീരത്തു പാൎത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാൎത്തെടത്തുതന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാൎത്തു.
16
ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാൽ:
17
മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.
18
ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓൎപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമ്മാൎഗ്ഗം വിടുവാൻ അവനെ ഓൎപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
19
എന്നാൽ നീ ദുഷ്ടനെ ഓൎപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുൎമ്മാൎഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
20
അഥവാ, നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവൎത്തിച്ചിട്ടു ഞാൻ അവന്റെ മുമ്പിൽ ഇടൎച്ച വെക്കുന്നുവെങ്കിൽ അവൻ മരിക്കും; നീ അവനെ ഓൎപ്പിക്കായ്കകൊണ്ടു അവൻ തന്റെ പാപത്തിൽ മരിക്കും; അവൻ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും.
21
എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഓൎപ്പിച്ചിട്ടു അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
22
യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവൻ എന്നോടു: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
23
അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കെബാർനദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നില്ക്കുന്നതു കണ്ടു ഞാൻ കവിണ്ണുവീണു.
24
അപ്പോൾ ആത്മാവു എന്നിൽ വന്നു എന്നെ നിവൎന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാൎക്ക.
25
എന്നാൽ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയിൽ പെരുമാറുവാൻ കഴിയാതവണ്ണം അവർ നിന്നെ കയറുകൊണ്ടു കെട്ടും.
26
നീ ഊമനായി അവൎക്കു ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമല്ലോ.
27
ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; നീ അവരോടു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേൾക്കുന്നവൻ കേൾക്കട്ടെ; കേൾക്കാത്തവൻ കേൾക്കാതെ ഇരിക്കട്ടെ; അവർ മത്സരഗൃഹമല്ലോ.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books