Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Genesis 14
14 / 50
1
ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അൎയ്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്തു
2
ഇവർ സൊദോംരാജാവായ ബേരാ, ഗൊമോരാരാജാവായ ബിൎശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു.
3
ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു.
4
അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു.
5
അതുകൊണ്ടു പതിനാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടു കൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കൎന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിൎയ്യാത്തായീമിലെ ഏമ്യരെയും
6
സേയീർമലയിലെ ഹോൎയ്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു.
7
പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്നു അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാൎത്തിരുന്ന അമോൎയ്യരെയും കൂടെ തോല്പിച്ചു.
8
അപ്പോൾ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്വരയിൽ വെച്ചു
9
ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അൎയ്യോക്ക് എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നേ.
10
സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പൎവ്വതത്തിലേക്കു ഓടിപ്പോയി.
11
സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവൻ എടുത്തുകൊണ്ടുപോയി.
12
അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാൎത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി.
13
ഓടിപ്പോന്ന ഒരുത്തൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോൎയ്യനായ മമ്രേയുടെ തോപ്പിൽ പാൎത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു.
14
തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടൎന്നു.
15
രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടൎന്നു.
16
അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.
17
അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.
18
ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
19
അവൻ അവനെ അനുഗ്രഹിച്ചു: സ്വൎഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
20
നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
21
സൊദോംരാജാവു അബ്രാമിനോടു: ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക എന്നുപറഞ്ഞു.
22
അതിന്നു അബ്രാം സൊദോംരാജാവിനോടു പറഞ്ഞതു: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ
23
സ്വൎഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയൎത്തി സത്യം ചെയ്യുന്നു.
24
ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books