Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Hosea 2
2 / 14
1
നിങ്ങളുടെ സഹോദരന്മാൎക്കു അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാൎക്കു രൂഹമാ (കരുണ ലഭിച്ചവൾ) എന്നും പേർ വിളിപ്പിൻ.
2
വ്യവഹരിപ്പിൻ; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിൻ; അവൾ എന്റെ ഭാൎയ്യയല്ല, ഞാൻ അവളുടെ ഭൎത്താവുമല്ല; അവൾ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവിൽനിന്നും നീക്കിക്കളയട്ടെ.
3
അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിൎത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
4
ഞാൻ അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.
5
അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജ പ്രവൎത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകുമെന്നു പറഞ്ഞുവല്ലോ.
6
അതുകൊണ്ടു ഞാൻ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവൾ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാൻ ഒരു മതിൽ ഉണ്ടാക്കും.
7
അവൾ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടു ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോൾ അവൾ: ഞാൻ എന്റെ ആദ്യത്തെ ഭൎത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തേക്കാൾ അന്നു എനിക്കു ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.
8
അവൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വൎദ്ധിപ്പിച്ചതും ഞാൻ എന്നു അവൾ അറിഞ്ഞില്ല.
9
അതുകൊണ്ടു തല്ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാൻ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും ഞാൻ എടുത്തുകളകയും ചെയ്യും.
10
ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കയ്യിൽനിന്നു വിടുവിക്കയില്ല.
11
ഞാൻ അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.
12
ഇതു എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ എന്നു അവൾ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാൻ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നുകളയും.
13
അവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടൎന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദൎശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
14
അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.
15
അവിടെ നിന്നു ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർതാഴ്വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
16
അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭൎത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.
17
ഞാൻ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേർചൊല്ലി സ്മരിക്കയുമില്ല.
18
അന്നാളിൽ ഞാൻ അവൎക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിൎഭയം വസിക്കുമാറാക്കും.
19
ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും.
20
ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിന്നു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.
21
ആ കാലത്തു ഞാൻ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന്നു ഉത്തരം നല്കും; അതു ഭൂമിക്കു ഉത്തരം നല്കും;
22
ഭൂമി ധാന്യത്തിന്നും വീഞ്ഞിന്നും എണ്ണെക്കും ഉത്തരം നല്കും; അവ യിസ്രെയേലിന്നും ഉത്തരം നല്കും.
23
ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books