Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Isaiah 55
55 / 66
1
അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ.
2
അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തി വരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.
3
നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.
4
ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.
5
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻനിമിത്തവും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നേ നിന്റെ അടുക്കൽ ഓടിവരും.
6
യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.
7
ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.
8
എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
9
ആകാശം ഭൂമിക്കുമീതെ ഉയൎന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയൎന്നിരിക്കുന്നു.
10
മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ
11
എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവൎത്തിക്കയും ഞാൻ അയച്ച കാൎയ്യം സാധിപ്പിക്കയും ചെയ്യും.
12
നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആൎക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും.
13
മുള്ളിന്നു പകരം സരളവൃക്ഷം മുളെക്കും; പറക്കാരെക്കു പകരം കൊഴുന്തു മുളെക്കും; അതു യഹോവെക്കു ഒരു കീൎത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books