Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Jeremiah 12
12 / 52
1
യഹോവേ ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്തു? ദ്രോഹം പ്രവൎത്തിക്കുന്നവരൊക്കെയും നിൎഭയന്മാരായിരിക്കുന്നതെന്തു?
2
നീ അവരെ നട്ടു, അവർ വേരൂന്നി വളൎന്നു ഫലം കായ്ക്കുന്നു; അവരുടെ വായിൽ നീ സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.
3
എന്നാൽ യഹോവേ, എന്നെ നീ അറിയുന്നു; നീ എന്നെ കണ്ടു നിന്റെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധനചെയ്യുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴെക്കേണമേ; കുലദിവസത്തിന്നായി അവരെ വേറുതിരിക്കേണമേ.
4
ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്നു അവർ പറയുന്നു.
5
കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിൎഭയനായിരിക്കുന്നു; എന്നാൽ യോൎദ്ദാന്റെ വൻകാട്ടിൽ നീ എന്തു ചെയ്യും?
6
നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു, അവരുംകൂടെ നിന്റെ പിന്നാലെ ആൎപ്പുവിളിക്കുന്നു; അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുതു.
7
ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ചു, എന്റെ അവകാശത്തെ ത്യജിച്ചു, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.
8
എന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അതു എന്റെ നേരെ നാദം കേൾപ്പിക്കുന്നു; അതുകൊണ്ടു ഞാൻ അതിനെ വെറുക്കുന്നു.
9
എന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ.
10
അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്റെ ഓഹരിയെ ചവിട്ടിക്കളകയും എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.
11
അവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീൎന്നതിനാൽ അതു എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധവെക്കായ്കയാൽ ദേശം ഒക്കെയും ശൂന്യമായ്പോയിരിക്കുന്നു.
12
വിനാശകന്മാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരു അറ്റം മുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിന്നും സമാധാനം ഇല്ല.
13
അവർ കോതമ്പു വിതെച്ചു മുള്ളു കൊയ്തു; അവർ പ്രയാസപ്പെട്ടു ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപംനിമിത്തം അവർ തങ്ങളുടെ വിളവിനെക്കുറിച്ചു ലജ്ജിക്കും.
14
ഞാൻ എന്റെ ജനമായ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാഅയല്ക്കാരെയും കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്നു പറിച്ചുകളയും.
15
അവരെ പറിച്ചുകളഞ്ഞ ശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ചു ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.
16
അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്‌വാൻ പഠിപ്പിച്ചതുപോലെ, യഹോവയാണ എന്നു എന്റെ നാമത്തിൽ സത്യം ചെയ്‌വാൻ തക്കവണ്ണം എന്റെ ജനത്തിന്റെ നടവടികളെ താല്പൎയ്യത്തോടെ പഠിക്കുമെങ്കിൽ അവർ എന്റെ ജനത്തിന്റെ മദ്ധ്യേ അഭിവൃദ്ധി പ്രാപിക്കും.
17
അവർ കേട്ടനുസരിക്കുന്നില്ലെങ്കിലോ, ഞാൻ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books