Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Job 3
3 / 42
1
അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.
2
ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:
3
ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
4
ആ നാൾ ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ.
5
ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
6
ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുതു.
7
അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.
8
മഹാസൎപ്പത്തെ ഇളക്കുവാൻ സമൎത്ഥരായി ദിവസത്തെ ശപിക്കുന്നവർ അതിനെ ശപിക്കട്ടെ.
9
അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ; അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു.
10
അതു എനിക്കു ഗൎഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.
11
ഞാൻ ഗൎഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നേ പ്രാണൻ പോകാതിരുന്നതെന്തു?
12
മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടതു എന്തിനു? എനിക്കു കുടിപ്പാൻ മുല ഉണ്ടായിരുന്നതെന്തിന്നു?
13
ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
14
തങ്ങൾക്കു ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,
15
കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.
16
അല്ലെങ്കിൽ, ഗൎഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.
17
അവിടെ ദുൎജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.
18
അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
19
ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന്നു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.
20
അരിഷ്ടനു പ്രകാശവും ദുഃഖിതന്മാൎക്കു ജീവനും കൊടുക്കുന്നതെന്തിനു?
21
അവർ മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവർ അതിന്നായി കുഴിക്കുന്നു.
22
അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും
23
വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും ദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു?
24
ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീൎപ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
25
ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.
26
ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books