Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Job 37
37 / 42
1
ഇതിനാൽ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.
2
അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായിൽനിന്നു പുറപ്പെടുന്ന ഗൎജ്ജനവും ശ്രദ്ധിച്ചുകേൾപ്പിൻ.
3
അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.
4
അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ടു ഇടിമുഴക്കുന്നു; അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല.
5
ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാൎയ്യങ്ങളെ ചെയ്യുന്നു.
6
അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
7
താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
8
കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു.
9
ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.
10
ദൈവത്തിന്റെ ശ്വാസംകൊണ്ടു നീൎക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.
11
അവൻ കാൎമ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.
12
അവൻ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.
13
ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവൻ അതു വരുത്തുന്നു.
14
ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക.
15
ദൈവം അവെക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?
16
മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂൎണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?
17
തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?
18
ലോഹദൎപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടൎത്തു വെക്കാമോ?
19
അവനോടു എന്തു പറയേണമെന്നു ഞങ്ങൾക്കു ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങൾക്കു ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല.
20
എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാൻ ആരാനും ഇച്ഛിക്കുമോ?
21
ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.
22
വടക്കുനിന്നു സ്വൎണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ടു.
23
സൎവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂൎണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.
24
അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books