Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Job 41
41 / 42
1
മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ടു അമൎത്താമോ?
2
അതിന്റെ മൂക്കിൽ കയറു കോൎക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ?
3
അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ?
4
അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?
5
പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാൎക്കായി കെട്ടിയിടുമോ?
6
മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാൎക്കു പകുത്തു വില്ക്കുമോ?
7
നിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും തലയിൽ നിറെച്ചു ചാട്ടുളിയും തറെക്കാമോ?
8
അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഓൎത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല.
9
അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നേ അവൻ വീണുപോകുമല്ലോ.
10
അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിൎത്തുനില്ക്കുന്നവൻ ആർ?
11
ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പുകൂട്ടി തന്നതാർ? ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
12
അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കയില്ല.
13
അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയിൽ ആർ ചെല്ലും?
14
അതിന്റെ മുഖത്തെ കതകു ആർ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.
15
ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.
16
അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല.
17
ഒന്നോടൊന്നു ചേൎന്നിരിക്കുന്നു; വേൎപ്പെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു.
18
അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
19
അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.
20
തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.
21
അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.
22
അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
23
അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറെച്ചിരിക്കുന്നു.
24
അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു; തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.
25
അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവർ പരവശരായ്തീരുന്നു.
26
വാൾകൊണ്ടു അതിനെ എതിൎക്കുന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല
27
ഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
28
അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.
29
ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
30
അതിന്റെ അധോഭാഗം മൂൎച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
31
കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീൎക്കുന്നു.
32
അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.
33
ഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
34
അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books