Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
John 6
6 / 21
1
അനന്തരം യേശു തിബെൎയ്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.
2
അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.
3
യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.
4
യെഹൂദന്മാരുടെ പെസഹപെരുനാൾ അടുത്തിരുന്നു.
5
യേശു വലിയോരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവൎക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.
6
ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
7
ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.
8
ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:
9
ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേൎക്കു അതു എന്തുള്ളു എന്നു പറഞ്ഞു.
10
ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
11
പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവൎക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.
12
അവൎക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു.
13
അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
14
അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
15
അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.
16
സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി
17
പടകുകയറി കടലക്കരെ കഫൎന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.
18
കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു.
19
അവർ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.
20
അവൻ അവരോടു: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
21
അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
22
പിറ്റെന്നാൾ കടൽക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.
23
എന്നാൽ കൎത്താവു വാഴ്ത്തീട്ടു അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെൎയ്യാസിൽനിന്നു ചെറുപടകുകൾ എത്തിയിരുന്നു.
24
യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫൎന്നഹൂമിൽ എത്തി.
25
കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.
26
അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു.
27
നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവൎത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
28
അവർ അവനോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവൎത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു.
29
യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.
30
അവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവൎത്തിക്കുന്നു?
31
നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവൎക്കു തിന്നുവാൻ സ്വൎഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
32
യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വൎഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വൎഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു.
33
ദൈവത്തിന്റെ അപ്പമോ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു.
34
അവർ അവനോടു: കൎത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.
35
യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.
36
എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.
37
പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
38
ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.
39
അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിൎത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
40
പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിൎത്തെഴുന്നേല്പിക്കും.
41
ഞാൻ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു:
42
ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.
43
യേശു അവരോടു ഉത്തരം പറഞ്ഞതു: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ;
44
എന്നെ അയച്ച പിതാവു ആകൎഷിച്ചിട്ടല്ലാതെ ആൎക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിൎത്തെഴുന്നേല്പിക്കും.
45
എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.
46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
47
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു.
48
ഞാൻ ജീവന്റെ അപ്പം ആകുന്നു.
49
നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ.
50
ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.
51
സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
52
ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
53
യേശു അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
54
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിൎത്തെഴുന്നേല്പിക്കും.
55
എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
56
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
58
സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.
59
അവൻ കഫൎന്നഹൂമിൽ ഉപദേശിക്കുമ്പോൾ പള്ളിയിൽവെച്ചു ഇതു പറഞ്ഞു.
60
അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആൎക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.
61
ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽ തന്നേ അറിഞ്ഞു അവരോടു: ഇതു നിങ്ങൾക്കു ഇടൎച്ച ആകുന്നുവോ?
62
മനുഷ്യപുത്രൻ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ?
63
ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
64
എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു പറഞ്ഞു. — വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു —
65
ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: പിതാവു കൃപ നല്കീട്ടല്ലാതെ ആൎക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു എന്നും അവൻ പറഞ്ഞു.
66
അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല.
67
ആകയാൽ യേശു പന്തിരുവരോടു: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു.
68
ശിമോൻ പത്രൊസ് അവനോടു: കൎത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.
69
നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
70
യേശു അവരോടു: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കൎയ്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.
71
ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books