Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Joshua 20
20 / 24
1
പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു:
2
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: അറിയാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവൻ ഓടിപ്പോയി ഇരിക്കേണ്ടതിന്നു ഞാൻ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങൾ നിശ്ചയിപ്പിൻ.
3
രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്കു സങ്കേതമായിരിക്കേണം.
4
ആ പട്ടണങ്ങളിൽ ഒന്നിലേക്കു ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ടു തന്റെ കാൎയ്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാൎക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.
5
രക്തപ്രതികാരകൻ അവനെ പിന്തുടൎന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂൎവ്വദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുതു.
6
അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാൎക്കേണം; അതിന്റെ ശേഷം കൊലചെയ്തവന്നു താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
7
അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിൎയ്യത്ത്-അർബ്ബയും
8
കിഴക്കു യെരീഹോവിന്നെതിരെ യോൎദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
9
അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാൎക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books