Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Leviticus 13
13 / 27
1
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:
2
ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണൎപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.
3
പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.
4
അവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.
5
ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
6
ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
7
അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം.
8
ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.
9
കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
10
പുരോഹിതൻ അവനെ നോക്കേണം; ത്വക്കിന്മേൽ വെളുത്ത തിണൎപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണൎപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ
11
അതു അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.
12
കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ നോക്കേണം;
13
കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായി തീൎന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു.
14
എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ.
15
പുരോഹിതൻ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.
16
എന്നാൽ പച്ചമാംസം മാറി വെള്ളയായി തീൎന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം.
17
പുരോഹിതൻ അവനെ നോക്കേണം; വടു വെള്ളയായി തീൎന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻ തന്നേ.
18
ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ടു
19
സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണൎപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം.
20
പുരോഹിതൻ അതു നോക്കേണം; അതു ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം.
21
എന്നാൽ പുരോഹിതൻ അതു നോക്കി അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
22
അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
23
എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽ തന്നേ നിന്നു എങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
24
അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീൎന്നാൽ
25
പുരോഹിതൻ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീൎന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
26
എന്നാൽ പുരോഹിതൻ അതു നോക്കീട്ടു പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
27
ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
28
എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നേ നിൽക്കയും നിറം മങ്ങിയിരിക്കയും ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണൎപ്പു ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണൎപ്പത്രേ.
29
ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രീക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു നോക്കേണം.
30
അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേൎമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.
31
പുരോഹിതൻ പുറ്റിന്റെ വടുവിനെ നോക്കുമ്പോൾ അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴുദിവസത്തേക്കുഅകത്താക്കി അടെക്കേണം.
32
ഏഴാം ദിവസം പുരോഹിതൻ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൌരം ചെയ്യിക്കേണം;
33
എന്നാൽ പുറ്റിൽ ക്ഷൌരം ചെയ്യരുതു; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
34
ഏഴാം ദിവസം പുരോഹിതൻ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
35
എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ
36
പുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നേ.
37
എന്നാൽ പുറ്റു കണ്ട നിലയിൽ തന്നേ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളെച്ചതായും കണ്ടാൽ പുറ്റു സൌഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
38
ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ
39
പുരോഹിതൻ നോക്കേണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങു; അവൻ ശുദ്ധിയുള്ളവൻ.
40
തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ.
41
തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ.
42
പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അതു അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം.
43
പുരോഹിതൻ അതു നോക്കേണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണൎപ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി;
44
അവൻ അശുദ്ധൻ തന്നേ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീൎത്തു വിധിക്കേണം; അവന്നു തലയിൽ കുഷ്ഠരോഗം ഉണ്ടു.
45
വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം.
46
അവന്നു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നേ; അവൻ തനിച്ചു പാൎക്കേണം; അവന്റെ പാൎപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
47
ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും
48
ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും
49
കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.
50
പുരോഹിതൻ വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.
51
അവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.
52
വടുവുള്ള സാധനം ആട്ടിൻരോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.
53
എന്നാൽ പുരോഹിതൻ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ
54
പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.
55
കഴുകിയശേഷം പുരോഹിതൻ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അതു അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
56
പിന്നെ പുരോഹിതൻ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയേണം.
57
അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം.
58
എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോൾ അതു ശുദ്ധമാകും.
59
ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books