Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Leviticus 5
5 / 27
1
ഒരുത്തൻ സത്യവാചകം കേട്ടിട്ടു, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.
2
ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തൻ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
3
അല്ലെങ്കിൽ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തൻ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അതു അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.
4
അല്ലെങ്കിൽ മനുഷ്യൻ നിൎവ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‌വാനോ ഗുണം ചെയ്‌വാനോ ഒരുത്തൻ തന്റെ അധരങ്ങൾ കൊണ്ടു നിൎവ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അതു അറിയുമ്പോൾ അങ്ങനെയുള്ള കാൎയ്യത്തിൽ അവൻ കുറ്റക്കാരനാകും.
5
ആ വക കാൎയ്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപം ചെയ്തു എന്നു അവൻ ഏറ്റുപറയേണം.
6
താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവെക്കു അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതൻ അവന്നുവേണ്ടി അവന്റെ പാപംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.
7
ആട്ടിൻകുട്ടിക്കു അവന്നു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവെക്കു കൊണ്ടുവരേണം.
8
അവൻ അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരേണം; അവൻ പാപയാഗത്തിന്നുള്ളതിനെ മുമ്പെ അൎപ്പിച്ചു അതിന്റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കേണം; എന്നാൽ രണ്ടായി പിളൎക്കരുതു.
9
അവൻ പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാൎശ്വത്തിൽ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.
10
രണ്ടാമത്തേതിനെ അവൻ നിയമപ്രകാരം ഹോമയാഗമായി അൎപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവൻ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.
11
രണ്ടു കുറുപ്രാവിന്നോ രണ്ടു പ്രാവിൻകുഞ്ഞിന്നോ അവന്നു വകയില്ലെങ്കിൽ പാപം ചെയ്തവൻ പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ടു അതിന്മേൽ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു.
12
അവൻ അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം: പുരോഹിതൻ നിവേദ്യമായി അതിൽനിന്നു കൈ നിറച്ചെടുത്തു യാഗപീഠത്തിന്മേൽ യഹോവെക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.
13
ഇങ്ങനെ പുരോഹിതൻ ആ വക കാൎയ്യത്തിൽ അവൻ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗംപോലെ പുരോഹിതന്നു ഇരിക്കേണം.
14
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
15
ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാൽ അതിക്രമം ചെയ്തു പിഴെച്ചു എങ്കിൽ അവൻ തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവെക്കു കൊണ്ടുവരേണം.
16
വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താൻ പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവൻ പുരോഹിതന്നു കൊടുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.
17
ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാൎയ്യത്തിലും ആരെങ്കിലും പിഴെച്ചിട്ടു അവൻ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവൻ തന്റെ കുറ്റം വഹിക്കേണം.
18
അവൻ അകൃത്യയാഗത്തിന്നായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം; അവൻ അബദ്ധവശാൽ പിഴെച്ചതും അറിയാതിരുന്നതുമായ പിഴെക്കായി പുരോഹിതൻ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും.
19
ഇതു അകൃത്യയാഗം; അവൻ യഹോവയോടു അകൃത്യം ചെയ്തുവല്ലോ.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books