Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Nehemiah 2
2 / 13
1
അൎത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻമാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാൻ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല.
2
രാജാവു എന്നോടു: നിന്റെ മുഖം വാടിയിരിക്കുന്നതു എന്തു? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.
3
അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോടു: രാജാവു ദീൎഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.
4
രാജാവു എന്നോടു: നിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വൎഗ്ഗത്തിലെ ദൈവത്തോടു പ്രാൎത്ഥിച്ചിട്ടു,
5
രാജാവിനോടു: രാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണൎത്തിച്ചു.
6
അതിന്നു രാജാവു--രാജ്ഞിയും അരികെ ഇരുന്നിരുന്നു--: നിന്റെ യാത്രെക്കു എത്ര നാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന്നു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.
7
രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു
8
അവൎക്കു എഴുത്തുകളും ആലയത്തോടു ചേൎന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിന്നും ഞാൻ ചെന്നു പാൎപ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.
9
അങ്ങനെ ഞാൻ നദിക്കു അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്റെ എഴുത്തു അവൎക്കു കൊടുത്തു. രാജാവു പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.
10
ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇതു കേട്ടപ്പോൾ യിസ്രായേൽമക്കൾക്കു ഗുണം ചെയ്‌വാൻ ഒരു ആൾ വന്നതു അവൎക്കു ഏറ്റവും അനിഷ്ടമായി.
11
ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം
12
ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‌വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
13
ഞാൻ രാത്രിയിൽ താഴ്വരവാതിൽവഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്ക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു.
14
പിന്നെ ഞാൻ ഉറവുവാതില്ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിന്നു കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു.
15
രാത്രിയിൽ തന്നേ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കി കണ്ടു താഴ്വരവാതിലിൻ വഴിയായി മടങ്ങിപ്പോന്നു.
16
ഞാൻ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷംപേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.
17
അനന്തരം ഞാൻ അവരോടു: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനൎത്ഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു.
18
എന്റെ ദൈവത്തിന്റെ കൈ എനിക്കു അനുകൂലമായിരുന്നതും രാജാവു എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈൎയ്യപ്പെടുത്തി.
19
എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങൾ ചെയ്യുന്ന ഈ കാൎയ്യം എന്തു? നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.
20
അതിന്നു ഞാൻ അവരോടു: സ്വൎഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാൎയ്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books