Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Nehemiah 5
5 / 13
1
ജനവും അവരുടെ ഭാൎയ്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി കൂട്ടി:
2
ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിന്നു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും
3
ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുൎഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും
4
രാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങൾ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു;
5
ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമപ്പെട്ടുപോയിരിക്കുന്നു; ഞങ്ങൾക്കു വേറെ നിൎവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു.
6
അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോൾ എനിക്കു അതികോപം വന്നു.
7
ഞാൻ എന്റെ മനസ്സുകൊണ്ടു ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്നു അവരോടു പറഞ്ഞു. അവൎക്കു വിരോധമായി ഞാൻ ഒരു മഹായോഗം വിളിച്ചുകൂട്ടി.
8
ജാതികൾക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാൽ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാർ തങ്ങളെത്തന്നേ നമുക്കു വില്പാന്തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാൻ പോകുന്നുവോ എന്നു ഞാൻ അവരോടു ചോദിച്ചു. അതിന്നു അവർ ഒരു വാക്കും പറവാൻ കഴിയാതെ മൌനമായിരുന്നു.
9
പിന്നെയും ഞാൻ പറഞ്ഞതു: നിങ്ങൾ ചെയ്യുന്ന കാൎയ്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓൎത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?
10
ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവൎക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക.
11
നിങ്ങൾ ഇന്നു തന്നേ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറ്റിന്നു ഒന്നു വീതം നിങ്ങൾ അവരോടു വാങ്ങിവരുന്നതും അവൎക്കു ഇളെച്ചുകൊടുപ്പിൻ.
12
അതിന്നു അവർ: ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ചു ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്നു അവരുടെ മുമ്പിൽ വെച്ചു അവരെക്കൊണ്ടു സത്യം ചെയ്യിച്ചു.
13
ഞാൻ എന്റെ മടി കുടഞ്ഞു; ഈ വാഗ്ദാനം നിവൎത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സൎവ്വസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവൎത്തിച്ചു.
14
ഞാൻ യെഹൂദാദേശത്തു അവരുടെദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അൎത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.
15
എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിന്നു ഭാരമായിരുന്നു നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കൎത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.
16
ഞാൻ ഈ മതിലിന്റെ വേലയിൽ തന്നേ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേൎന്നു പ്രവൎത്തിച്ചുപോന്നു.
17
യെഹൂദന്മാരുംപ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽനിന്നു ഞങ്ങളുടെ അടുക്കൽ വന്നവരും എന്റെ മേശെക്കൽ ഭക്ഷണം കഴിച്ചുപോന്നു.
18
എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല.
19
എന്റെ ദൈവമേ, ഞാൻ ഈ ജനത്തിന്നു വേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മെക്കായിട്ടു ഓൎക്കേണമേ.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books