Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Proverbs 26
26 / 31
1
വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
2
കുരികിൽ പാറിപ്പോകുന്നതും മീവൽപക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.
3
കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിന്നു വടി.
4
നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
5
മൂഢന്നു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.
6
മൂഢന്റെ കൈവശം വൎത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
7
മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
8
മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
9
മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.
10
എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിൎത്തുന്നവനും കണ്ടവരെ കൂലിക്കു നിൎത്തുന്നവനും ഒരുപോലെ.
11
നായി ഛൎദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്വം ആവൎത്തിക്കുന്നതും ഒരുപോലെ.
12
തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
13
വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.
14
കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
15
മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
16
ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
17
തന്നേ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
18
കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ
19
തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
20
വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.
21
കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം.
22
ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
23
സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
24
പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
25
അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു.
26
അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
27
കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.
28
ഭോഷ്കു പറയുന്ന നാവു അതിനാൽ തകൎന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books