Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Psalms 89
89 / 150
1
യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
2
ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വൎഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
3
എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
4
നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.സേലാ.
5
യഹോവേ, സ്വൎഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
6
സ്വൎഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?
7
ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവൎക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
8
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
9
നീ സമുദ്രത്തിന്റെ ഗൎവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമൎത്തുന്നു.
10
നീ രഹബിനെ ഒരു ഹതനെപ്പോലെ തകൎത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11
ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂൎണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
12
ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെൎമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;
13
നിനക്കു വീൎയ്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
14
നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
15
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
16
അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയൎന്നിരിക്കുന്നു.
17
നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയൎന്നിരിക്കുന്നു.
18
നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
19
അന്നു നീ ദൎശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാൻ വീരനായ ഒരുത്തന്നു സഹായം നല്കുകയും ജനത്തിൽനിന്നു ഒരു വൃതനെ ഉയൎത്തുകയും ചെയ്തു.
20
ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
21
എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22
ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല.
23
ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകൎക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,
24
എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയൎന്നിരിക്കും.
25
അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
26
അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
27
ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
28
ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും.
29
ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിൎത്തും.
30
അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും
31
എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ
32
ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദൎശിക്കും.
33
എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
34
ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
35
ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ ഭോഷ്കുപറകയില്ല.
36
അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂൎയ്യനെപ്പോലെയും ഇരിക്കും.
37
അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.സേലാ.
38
എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
39
നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
40
നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാൎക്കു അവൻ നിന്ദ ആയിത്തീൎന്നിരിക്കുന്നു.
42
നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയൎത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43
അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
44
അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
45
അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു.സേലാ.
46
യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47
എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓൎക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
48
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു?സേലാ.
49
കൎത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?
50
കൎത്താവേ, അടിയങ്ങളുടെ നിന്ദ ഓൎക്കേണമേ; എന്റെ മാൎവ്വിടത്തിൽ ഞാൻ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
51
യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
52
യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books