Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Romans 11
11 / 16
1
എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.
2
ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
3
അവൻ യിസ്രായേലിന്നു വിരോധമായി: “കൎത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
4
എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
5
അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.
6
കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.
7
ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.
8
“ദൈവം അവൎക്കു ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
9
“അവരുടെ മേശ അവൎക്കു കണിയും കുടുക്കും ഇടൎച്ചയും പ്രതികാരവുമായിത്തീരട്ടെ;
10
അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
11
എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവൎക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.
12
എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?
13
എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ
14
സ്വജാതിക്കാൎക്കു വല്ലവിധേനയും സ്പൎദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്തുന്നു.
15
അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിൎപ്പെന്നല്ലാതെ എന്താകും?
16
ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.
17
കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേൎത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീൎന്നു എങ്കിലോ,
18
കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓൎക്ക.
19
എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.
20
ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
21
സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
22
ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
23
അവിശ്വാസത്തിൽ നിലനില്ക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.
24
സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.
25
സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു: ജാതികളുടെ പൂൎണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.
26
ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.
27
“വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
28
സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ.
29
ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.
30
നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,
31
നിങ്ങൾക്കു ലഭിച്ച കരുണയാൽ അവൎക്കു കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.
32
ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.
33
ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.
34
കൎത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?
35
അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?
36
സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം. ആമേൻ.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books