Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Romans 10
10 / 16
1
സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവൎക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
2
അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവൎക്കു സാക്ഷ്യം പറയുന്നു.
3
അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
4
വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
5
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
6
വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വൎഗ്ഗത്തിൽ കയറും എന്നോ,
7
ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”
8
എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
9
യേശുവിനെ കൎത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
10
ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
11
“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
12
യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവൎക്കും കൎത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവൎക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
13
“കൎത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
14
എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?
15
ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
16
എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കൎത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.
17
ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
18
എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സൎവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”
19
എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഢജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
20
യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവൎക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈൎയ്യത്തോടെ പറയുന്നു.
21
യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books