Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Amos 6
6 / 9
1
സീയോനിൽ സ്വൈരികളായി ശമൎയ്യാപൎവ്വതത്തിൽ നിൎഭയരായി ജാതികളിൽ പ്രധാനമായതിൽ ശ്രേഷ്ഠന്മാരായി യിസ്രായേൽഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങൾക്കു അയ്യോ കഷ്ടം.
2
നിങ്ങൾ കല്നെക്കു ചെന്നു നോക്കുവിൻ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?
3
നിങ്ങൾ ദുൎദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.
4
നിങ്ങൾ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിൎന്നു കിടക്കയും ആട്ടിൻകൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
5
നിങ്ങൾ വീണാനാദത്തോടെ വ്യൎത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
6
നിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.
7
അതുകൊണ്ടു അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിൎന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീൎന്നുപോകും.
8
യഹോവയായ കൎത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു: ഞാൻ യാക്കോബിന്റെ ഗൎവ്വത്തെ വെറുത്തു അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;
9
ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും;
10
ഒരു മനുഷ്യന്റെ ചാൎച്ചക്കാരൻ, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നേ, അവന്റെ അസ്ഥികളെ വീട്ടിൽനിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോൾ അവൻ വീട്ടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോടു: നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവൻ: ആരുമില്ല എന്നു പറഞ്ഞാൽ അവൻ: യഹോവയുടെ നാമത്തെ കീൎത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്ക എന്നു പറയും.
11
യഹോവ കല്പിച്ചിട്ടു വലിയ വീടു ഇടിഞ്ഞും ചെറിയ വീടു പിളൎന്നും തകൎന്നുപോകും.
12
കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാൽ നിങ്ങൾ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.
13
നിങ്ങൾ മിത്ഥ്യാവസ്തുവിൽ സന്തോഷിച്ചുംകൊണ്ടു: സ്വന്തശക്തിയാൽ ഞങ്ങൾ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.
14
എന്നാൽ യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളുടെ നേരെ ഒരു ജാതിയെ എഴുന്നേല്പിക്കും; അവർ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബയിലെ തോടുവരെ നിങ്ങളെ ഞെരുക്കും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books