Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Deuteronomy 20
20 / 34
1
നീ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
2
നിങ്ങൾ പടയേല്പാൻ അടുക്കുമ്പോൾ പുരോഹിതൻ വന്നു ജനത്തോടു സംസാരിച്ചു:
3
യിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്നു ശത്രുക്കളോടു പടയേല്പാൻ അടുക്കുന്നു; അധൈൎയ്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.
4
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.
5
പിന്നെ പ്രമാണികൾ ജനത്തോടു പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
6
ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
7
ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
8
പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടതു: ആൎക്കെങ്കിലും ഭയവും അധൈൎയ്യവും ഉണ്ടെങ്കിൽ അവൻ തന്റെ ഹൃദയംപോലെ സഹേദരന്റെ ഹൃദയവും ധൈൎയ്യം കെടുത്താതിരിക്കേണ്ടതിന്നു വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
9
ഇങ്ങനെ പ്രമാണികൾ ജനത്തോടു പറഞ്ഞു തീൎന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.
10
നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‌വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചുപറയേണം.
11
സമാധാനം എന്നു മറുപടി പറഞ്ഞു വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവേലക്കാരായി സേവചെയ്യേണം.
12
എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം.
13
നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.
14
എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.
15
ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ലാപട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.
16
നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
17
ഹിത്യർ, അമോൎയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാൎപ്പിതമായി സംഹരിക്കേണം.
18
അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതളും ചെയ്‌വാൻ നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.
19
ഒരു പട്ടണം പിടിപ്പാൻ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ?
20
തിന്മാനുള്ള ഫലവൃക്ഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books