Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Exodus 30
30 / 40
1
ധൂപം കാട്ടുവാൻ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ടു അതു ഉണ്ടാക്കേണം.
2
അതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരിക്കേണം.
3
അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാൎശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
4
ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാൎശ്വത്തിലും അവയെ ഉണ്ടാക്കേണം.
5
തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം.
6
സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം.
7
അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം.
8
അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം.
9
നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അൎപ്പിക്കരുതു; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുതു.
10
സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവൻ തലമുറതലമുറയായി വൎഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവെക്കു അതിവിശുദ്ധം.
11
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:
12
യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഓരോരുത്തൻ താന്താന്റെ ജീവന്നുവേണ്ടി യഹോവെക്കു വീണ്ടെടുപ്പുവില കൊടുക്കേണം.
13
എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവെക്കു വഴിപാടു ആയിരിക്കേണം.
14
എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊടുക്കേണം.
15
നിങ്ങളുടെ ജിവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ നിങ്ങൾ യഹോവെക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുതു; ദരിദ്രൻ കുറെച്ചു കൊടുക്കയും അരുതു.
16
ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷെക്കായി കൊടുക്കേണം. നിങ്ങളുടെ ജീവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്കു വേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.
17
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:
18
കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതിൽ വെള്ളം ഒഴിക്കേണം.
19
അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം.
20
അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവെക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.
21
അവർ മരിക്കാതിരിക്കേണ്ടതിന്നു കയ്യും കാലും കഴുകേണം; അതു അവൎക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
22
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ;
23
മേത്തരമായ സുഗന്ധവൎഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും
24
അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്തു
25
തൈലക്കാരന്റെ വിദ്യപ്രകാരം ചേൎത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം.
26
അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും
27
അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും
28
ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം.
29
അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
30
അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
31
യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.
32
അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം.
33
അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
34
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവൎഗ്ഗവും നിൎമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം.
35
അതിൽ ഉപ്പും ചേൎത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിൎമ്മലവും വിശുദ്ധവുമായ ധൂപവൎഗ്ഗമാക്കേണം.
36
നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങൾക്കു അതിവിശുദ്ധമായിരിക്കേണം.
37
ഈ ഉണ്ടാക്കുന്ന ധൂപവൎഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങൾക്കു ഉണ്ടാക്കരുതു; അതു യഹോവെക്കു വിശുദ്ധമായിരിക്കേണം.
38
മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books