Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Ezekiel 1
1 / 48
1
മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വൎഗ്ഗം തുറന്നു ഞാൻ ദിവ്യദൎശനങ്ങളെ കണ്ടു.
2
യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,
3
കല്ദയദേശത്തു കെബാർനദീതീരത്തുവെച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേൽ വന്നു.
4
ഞാൻ നോക്കിയപ്പോൾ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്നു, തീയുടെ നടുവിൽനിന്നു തന്നേ, ശുക്ലസ്വൎണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.
5
അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
6
ഓരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.
7
അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
8
അവെക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.
9
അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.
10
അവയുടെ മുഖരൂപമോ: അവെക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.
11
ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടൎന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.
12
അവ ഓരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.
13
ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.
14
ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
15
ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഓരോ ചക്രം കണ്ടു.
16
ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവെക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
17
അവെക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല.
18
അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകൾക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.
19
ജീവികൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും.
20
ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങൾ അവയോടുകൂടെ പൊങ്ങും.
21
ജീവികളുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടെ പൊങ്ങും.
22
ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.
23
വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേക്കുനേരെ വിടൎന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.
24
അവ പോകുമ്പോൾ ചിറകുകളുടെ ഇരെച്ചൽ വലിയ വെള്ളത്തിന്റെ ഇരെച്ചൽപോലെയും സൎവ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
25
അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേൽ നിന്നു ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
26
അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.
27
അവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വൎണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
28
അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books