Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Genesis 20
20 / 50
1
അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാൎത്തു.
2
അബ്രാഹാം തന്റെ ഭാൎയ്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി.
3
എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാൎയ്യ എന്നു അരുളിച്ചെയ്തു.
4
എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കൎത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?
5
ഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാൎത്ഥതയോടും കയ്യുടെ നിൎമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
6
അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാൎത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു.
7
ഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാൎയ്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാൎത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊൾക എന്നു അരുളിച്ചെയ്തു.
8
അബീമേലെക്ക് അതികാലത്തു എഴുന്നേറ്റു തന്റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാൎയ്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
9
അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാൎയ്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
10
നീ എന്തു കണ്ടിട്ടാകുന്നു ഇക്കാൎയ്യം ചെയ്തതു എന്നു അബീമേലെക്ക് അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു:
11
ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാൎയ്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു.
12
വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാൎയ്യയായി.
13
എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം; നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ: അവൻ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.
14
അബീമേലെക്ക് അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാൎയ്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു:
15
ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാൎത്തുകൊൾക എന്നു അബീമേലെക്ക് പറഞ്ഞു.
16
സാറയോടു അവൻ: നിന്റെ ആങ്ങളെക്കു ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവൎക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു.
17
അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാൎയ്യയെയും അവന്റെ ദാസിമാരെയും സൌഖ്യമാക്കി, അവർ പ്രസവിച്ചു.
18
അബ്രാഹാമിന്റെ ഭാൎയ്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗൎഭം ഒക്കെയും അടെച്ചിരുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books