Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Genesis 23
23 / 50
1
സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നു: ഇതു സാറയുടെ ആയുഷ്കാലം.
2
സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിൎയ്യത്തൎബ്ബയിൽവെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാൻ വന്നു.
3
പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽ നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു:
4
ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാൎക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ എന്നു പറഞ്ഞു.
5
ഹിത്യർ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും:
6
നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവെച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു.
7
അപ്പോൾ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു:
8
എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാൻ സമ്മതമുണ്ടെങ്കിൽ നിങ്ങൾ എന്റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോടു,
9
അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ടു അവൻ അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു.
10
എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോൻ തന്റെ നഗരവാസികളായ ഹിത്യർ എല്ലാവരും കേൾക്കെ അബ്രാഹാമിനോടു:
11
അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലം ഞാൻ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാൺകെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു.
12
അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു.
13
ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോടു: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു.
14
എഫ്രോൻ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും:
15
നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു.
16
അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാൎക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറു അവന്നു തൂക്കിക്കൊടുത്തു.
17
ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിൎക്കകത്തുള്ള സകലവൃക്ഷങ്ങളും
18
അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി.
19
അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാൎയ്യയായ സാറയെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.
20
ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books