Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Hebrews 2
2 / 13
1
അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു.
2
ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ
3
കൎത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീൎയ്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ
4
നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?
5
നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാൎക്കല്ലല്ലോ കീഴ്പെടുത്തിയതു.
6
എന്നാൽ “മനുഷ്യനെ നീ ഓൎക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദൎശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
7
നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,
8
സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.
9
എങ്കിലും ദൈവകൃപയാൽ എല്ലാവൎക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
10
സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.
11
വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവൎക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:
12
“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീൎത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”
13
എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
14
മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
15
തന്റെ മരണത്താൽ നീക്കി ജീവപൎയ്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
16
ദൂതന്മാരെ സംരക്ഷണചെയ്‌വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‌വാനത്രേ അവൻ വന്നതു.
17
അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാൎയ്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.
18
താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവൎക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books