Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Isaiah 48
48 / 66
1
യിസ്രായേൽ എന്ന പേർ വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തിൽനിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീൎത്തിക്കുന്നവരും ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊൾവിൻ.
2
അവർ തങ്ങളെ തന്നേ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; അവന്റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.
3
പൂൎവ്വകാൎയ്യങ്ങളെ ഞാൻ പണ്ടുതന്നേ പ്രസ്താവിച്ചു; അവ എന്റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു; പെട്ടെന്നു ഞാൻ പ്രവൎത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.
4
നീ കഠിനൻ എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റി താമ്രം എന്നും ഞാൻ അറികകൊണ്ടു
5
ഞാൻ പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാൻ നിന്നെ കേൾപ്പിച്ചുമിരിക്കുന്നു.
6
നീ കേട്ടിട്ടുണ്ടു; ഇപ്പോൾ എല്ലാം കണ്ടുകൊൾക; നിങ്ങൾ തന്നേ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതൽ ഞാൻ പുതിയതു, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നേ നിന്നെ കേൾപ്പിക്കുന്നു.
7
ഞാൻ അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോൾ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.
8
നീ കേൾക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗൎഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു.
9
എന്റെ നാമംനിമിത്തം ഞാൻ എന്റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന്നു എന്റെ സ്തുതി നിമിത്തം ഞാൻ അടങ്ങിയിരിക്കുന്നു.
10
ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചതു.
11
എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.
12
യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.
13
എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‌വരുന്നു.
14
നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.
15
ഞാൻ, ഞാൻ തന്നേ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.
16
നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കൎത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
17
യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവൎത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.
18
അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.
19
നിന്റെ സന്തതി മണൽപോലെയും നിന്റെ ഗൎഭഫലം മണൽതരിപോലെയും ആകുമായിരുന്നു. നിന്റെ പേർ എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.
20
ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.
21
അവൻ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവൎക്കു ദാഹിച്ചില്ല; അവൻ അവൎക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവൻ പാറ പിളൎന്നപ്പോൾ വെള്ളം ചാടിപുറപ്പെട്ടു.
22
ദുഷ്ടന്മാൎക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books