Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Jeremiah 40
40 / 52
1
അകമ്പടിനായകനായ നെബൂസർ-അദാൻ യിരെമ്യാവെ രാമയിൽനിന്നു വിട്ടയച്ചശേഷം അവന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു. ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.
2
എന്നാൽ അകമ്പടിനായകൻ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതു: നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ചു ഈ അനൎത്ഥം അരുളിച്ചെയ്തു.
3
അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവൎത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപം ചെയ്തു അവന്റെ വാക്കു കേൾക്കാതിരുന്നതുകൊണ്ടു ഈ കാൎയ്യം നിങ്ങൾക്കു സംഭവിച്ചിരിക്കുന്നു.
4
ഇപ്പോൾ, ഇതാ, നിന്റെ കൈമേലുള്ള ചങ്ങല ഞാൻ ഇന്നു അഴിച്ചു നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടെ ബാബേലിൽ പോരുവാൻ നിനക്കു ഇഷ്ടമുണ്ടെങ്കിൽ പോരിക; ഞാൻ നിന്നെ നോക്കും എന്നോടുകൂടെ ബാബേലിൽ പോരുവാൻ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊൾക.
5
അവൻ വിട്ടുപോകുംമുമ്പെ അവൻ പിന്നെയും: ബാബേൽരാജാവു യെഹൂദാപട്ടണങ്ങൾക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിന്റെ അടുക്കൽ നീ ചെന്നു അവനോടു കൂടെ ജനത്തിന്റെ മദ്ധ്യേ പാൎക്ക; അല്ലെങ്കിൽ നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു അകമ്പടിനായകൻ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.
6
അങ്ങനെ യിരെമ്യാവു മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയിൽ പാൎത്തു.
7
ബാബേൽരാജാവു അഹീക്കാമിന്റെ മകനായ ഗെദല്യാവെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടുപുറത്തുണ്ടായിരുന്ന എല്ലാപടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ,
8
അവർ മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും, തൻഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.
9
ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ കല്ദയരെ സേവിപ്പാൻ ഭയപ്പെടരുതു; ദേശത്തു പാൎത്തു ബാബേൽരാജാവിനെ സേവിപ്പിൻ; എന്നാൽ നിങ്ങൾക്കു നന്നായിരിക്കും;
10
ഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയൎക്കു ഉത്തരവാദിയായി മിസ്പയിൽ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ചു, പാത്രങ്ങളിൽ സൂക്ഷിച്ചു, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ പാൎത്തുകൊൾവിൻ.
11
അങ്ങനെ തന്നേ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവു യെഹൂദയിൽ ഒരു ശേഷിപ്പിനെ വെച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവെ അവൎക്കു അധിപതിയാക്കീട്ടുണ്ടെന്നും കേട്ടപ്പോൾ
12
സകല യെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകലസ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കൽ മിസ്പയിൽ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.
13
എന്നാൽ കാരേഹിന്റെ മകനായ യോഹാനാനും നാട്ടുപുറത്തു പാൎത്തിരുന്ന എല്ലാപടത്തലവന്മാരും മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു അവനോടു:
14
നിന്നെ കൊന്നുകളയേണ്ടതിന്നു അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.
15
പിന്നെ കാരേഹിന്റെ മകനായ യോഹാനാൻ മിസ്പയിൽവെച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചു: ഞാൻ ചെന്നു ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നതു എന്തിന്നു എന്നു പറഞ്ഞു.
16
എന്നാൽ അഹീക്കാമിന്റെ മകൻ ഗെദല്യാവു കാരേഹിന്റെ മകൻ യോഹാനാനോടു: നീ ഈ കാൎയ്യം ചെയ്യരുതു; നീ യിശ്മായേലിനെക്കുറിച്ചു ഭോഷ്കു പറയുന്നു എന്നു പറഞ്ഞു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books