Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Jeremiah 48
48 / 52
1
മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിൎയ്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയൎന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
2
മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവർ അതിന്റെ നേരെ അനൎത്ഥം നിരൂപിക്കുന്നു; വരുവിൻ, അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.
3
ഹോരോനയീമിൽനിന്നു: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേൾക്കുന്നു.
4
മോവാബ് തകൎന്നിരിക്കുന്നു; അതിന്റെ കുഞ്ഞുകൾ നിലവിളി കൂട്ടുന്നു.
5
ലൂഹീതിലേക്കുള്ള കയറ്റത്തിൽകൂടി അവർ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേൾക്കുന്നു.
6
ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിപ്പിൻ! മരുഭൂമിയിലെ ചൂരൽചെടിപോലെ ആയിത്തീരുവിൻ!
7
നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.
8
കൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും.
9
മോവാബ് പറന്നുപോകേണ്ടതിന്നു അതിന്നു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായ്പോകും.
10
യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവൻ ശപിക്കപ്പെട്ടവൻ;
11
മോവാബ് ബാല്യം മുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനിൽ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല.
12
ആകയാൽ പകരുന്നവരെ ഞാൻ അവന്റെ അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവർ അവനെ പകൎന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകളകയും ചെയ്യും.
13
യിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കൽ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കൽ ലജ്ജിച്ചുപോകും.
14
ഞങ്ങൾ വീരന്മാരും യുദ്ധസമൎത്ഥന്മാരും ആകുന്നു എന്നു നിങ്ങൾ പറയുന്നതെങ്ങിനെ?
15
മോവാബ് നശിച്ചു; അതിന്റെ പട്ടണങ്ങൾ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കൾ കുലനിലത്തേക്കു ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
16
മോവാബിന്നു ആപത്തു വരുവാൻ അടുത്തിരിക്കുന്നു; അവന്റെ അനൎത്ഥം ഏറ്റവും ബദ്ധപ്പെടുന്നു.
17
അവന്റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ. അവനെക്കുറിച്ചു വിലപിപ്പിൻ! അവന്റെ പേർ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിൻ.
18
ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.
19
അരോവേർനിവാസിനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക; ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്തു എന്നു ചോദിക്ക.
20
മോവാബ് തകൎന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിൻ; മോവാബ് ശൂന്യമായിരിക്കുന്നു എന്നു അൎന്നോനിങ്കൽ അറിയിപ്പിൻ.
21
സമഭൂമിക്കു ന്യായവിധി വന്നിരിക്കുന്നു; ഹോലോന്നും യഹ്സെക്കും മേഫാഥിന്നും
22
ദീബോന്നും നെബോവിന്നും ബേത്ത്-ദിബ്ളാത്തയീമിന്നും കിൎയ്യത്തയീമിന്നും
23
ബേത്ത്--ഗാമൂലിന്നും ബേത്ത്-മെയോന്നും
24
കെരീയോത്തിന്നും ബൊസ്രെക്കും മോവാബ് ദേശത്തു ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങൾക്കും തന്നേ.
25
മോവാബിന്റെ കൊമ്പു വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകൎന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
26
മോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിൻ; മോവാബ് തന്റെ ഛൎദ്ദിയിൽ കിടന്നുരുളും; അവൻ പരിഹാസവിഷയമായ്തീരും.
27
അല്ല, യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെയും തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
28
മോവാബ് നിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാൎക്കുവിൻ; ഗുഹയുടെ പാൎശ്വങ്ങളിൽ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.
29
മോവാബ് മഹാഗൎവ്വി; അവന്റെ ഗൎവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ടു.
30
അവന്റെ ക്രോധം ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്റെ സംസാരം അസത്യം; അസത്യമായതു അവർ പ്രവൎത്തിച്ചിരിക്കുന്നു.
31
അതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാമോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു അവർ വിലപിക്കും.
32
സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
33
സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്നു വീഞ്ഞു ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആൎപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല; ആൎപ്പല്ലാത്ത ആൎപ്പുണ്ടാകുംതാനും.
34
ഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവർ എലയാലെവരെയും യഹസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായ്തീരുമല്ലോ.
35
പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാൎക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാടു.
36
മോവാബ് സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാൽ അവനെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു.
37
എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.
38
ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാപുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
39
അതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവൎക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.
40
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടൎക്കും.
41
കെരീയോത്ത് പിടിക്കപ്പെട്ടു; ദുൎഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.
42
യഹോവയുടെ നേരെ വമ്പു കാണിക്കയാൽ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചുപോകും.
43
മോവാബ് നിവാസിയേ, പേടിയും കുഴിയും കണിയും നിനക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.
44
പേടി ഒഴിഞ്ഞോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഞാൻ അതിന്നു, മോവാബിന്നു തന്നേ, അവരുടെ സന്ദൎശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
45
ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.
46
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.
47
എങ്കിലും ഒടുക്കം ഞാൻ മോവാബിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books