Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Joshua 3
3 / 24
1
അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ടു യോൎദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.
2
മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികൾ പാളയത്തിൽകൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാൽ:
3
നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം.
4
എന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.
5
പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവൎത്തിക്കും എന്നു പറഞ്ഞു.
6
പുരോഹിതന്മാരോടു യോശുവ: നിങ്ങൾ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു.
7
പിന്നെ യഹോവ യോശുവയോടു: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന്നു ഞാൻ ഇന്നു അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും.
8
നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോൎദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോൾ യോൎദ്ദാനിൽ നില്പാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.
9
യോശുവ യിസ്രായേൽമക്കളോടു: ഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ എന്നു പറഞ്ഞു.
10
യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ടു; അവൻ നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോൎയ്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങൾഇതിനാൽ അറിയും.
11
ഇതാ, സൎവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോൎദ്ദാനിലേക്കു കടക്കുന്നു.
12
ആകയാൽ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾവീതം യിസ്രായേൽഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു ആളെ കൂട്ടുവിൻ.
13
സൎവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോൎദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോൎദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേൽനിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.
14
അങ്ങനെ ജനം യോൎദ്ദാന്നക്കരെ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോൎദ്ദാന്നരികെ വന്നു.
15
കൊയിത്തുകാലത്തൊക്കെയും യോൎദ്ദാൻ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു;
16
സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാൎന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.
17
യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോൎദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോൎദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books