Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Judges 15
15 / 21
1
കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ടു തന്റെ ഭാൎയ്യയെ കാണ്മാൻ ചെന്നു: ശയനഗൃഹത്തിൽ എന്റെ ഭാൎയ്യയുടെ അടുക്കൽ ഞാൻ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാൻ സമ്മതിക്കാതെ:
2
നിനക്കു അവളിൽ കേവലം അനിഷ്ടമായി എന്നു ഞാൻ വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? അവൾ മറ്റവൾക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
3
അതിന്നു ശിംശോൻ: ഇപ്പോൾ ഫെലിസ്ത്യൎക്കു ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു.
4
ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേൎത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഓരോ പന്തംവെച്ചു കെട്ടി.
5
പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.
6
ഇതു ചെയ്തതു ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകൻ ശിംശോൻ; അവന്റെ ഭാൎയ്യയെ അവൻ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവൎക്കു അറിവു കിട്ടി; ഫെലിസ്ത്യർ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.
7
അപ്പോൾ ശിംശോൻ അവരോടു: നിങ്ങൾ ഈവിധം ചെയ്യുന്നു എങ്കിൽ ഞാൻ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു,
8
അവരെ കഠിനമായി അടിച്ചു തുടയും നടുവും തകൎത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാൎത്തു.
9
എന്നാൽ ഫെലിസ്ത്യർ ചെന്നു യെഹൂദയിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു.
10
നിങ്ങൾ ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യർ ചോദിച്ചു. ശിംശോൻ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാൻ വന്നിരിക്കുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
11
അപ്പോൾ യെഹൂദയിൽനിന്നു മൂവായിരംപേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്നു ശിംശോനോടു: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്നു അവൻ അവരോടു പറഞ്ഞു.
12
അവർ അവനോടു: ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നിന്നെ പിടിച്ചുകെട്ടുവാൻ ഞങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോൻ അവരോടു: നിങ്ങൾ തന്നേ എന്നെ കൊല്ലുകയില്ല എന്നു എന്നോടു സത്യം ചെയ്‌വിൻ എന്നു പറഞ്ഞു.
13
അവർ അവനോടു: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയർകൊണ്ടു അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി.
14
അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ടു ആൎത്തു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി.
15
അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.
16
കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാൻ സംഹരിച്ചു എന്നു ശിംശോൻ പറഞ്ഞു.
17
ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവൻ താടിയെല്ലു കയ്യിൽനിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്നു പേരായി.
18
പിന്നെ അവൻ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചു: അടിയന്റെ കയ്യാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ചു അഗ്രചൎമ്മികളുടെ കയ്യിൽ വീഴേണമോ എന്നു പറഞ്ഞു.
19
അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ചു വീണ്ടും ജീവിച്ചു. അതുകൊണ്ടു അതിന്നു ഏൻ-ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയിൽ ഉണ്ടു.
20
അവൻ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books