Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Micah 5
5 / 7
1
ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെ നേരെ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.
2
നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
3
അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.
4
എന്നാൽ അവൻ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവർ നിൎഭയം വസിക്കും; അവൻ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5
അവൻ സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിൎത്തും.
6
അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവശേനങ്ങളിൽവെച്ചു നിമ്രോദ് ദേശത്തെയും വാൾകൊണ്ടു പാഴാക്കും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവൻ നമ്മെ അവരുടെ കയ്യിൽനിന്നു വിടുവിക്കും.
7
യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാൎക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
8
യാക്കോബിൽ ശേഷിപ്പുള്ളവർ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നേ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻ കൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാൻ ആരും ഉണ്ടാകയില്ല.
9
നിന്റെ കൈ നിന്റെ വൈരികൾക്കുമീതെ ഉയൎന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
10
അന്നാളിൽ ഞാൻ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
11
ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.
12
ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്നു ഛേദിച്ചുകളയും; ശകുനവാദികൾ നിനക്കു ഇനി ഉണ്ടാകയുമില്ല.
13
ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.
14
ഞാൻ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവിൽനിന്നു പറിച്ചുകളകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കയും ചെയ്യും.
15
ഞാൻ ജാതികളോടു അവർ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരം ചെയ്യും.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books