Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Numbers 3
3 / 36
1
യഹോവ സീനായിപൎവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പൎയ്യമാവിതു:
2
അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
3
പുരോഹിതശുശ്രൂഷ ചെയ്‌വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ.
4
എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ചു യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവെച്ചു മരിച്ചുപോയി; അവൎക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.
5
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
6
നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിൎത്തുക.
7
അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാൎയ്യവും സൎവ്വസഭയുടെ കാൎയ്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
8
അവർ സമാഗമനകൂടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാൎയ്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
9
നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാൎക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്നു അവർ അവന്നു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.
10
അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.
11
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
12
യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാകടിഞ്ഞൂലിന്നും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം.
13
കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
14
യഹോവ പിന്നെയും സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:
15
ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.
16
തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
17
ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേൎശോൻ, കെഹാത്ത്, മെരാരി.
18
കുടുംബംകുടുംബമായി ഗേൎശോന്റെ പുത്രന്മാരുടെ പേരുകൾ:
19
ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
20
കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവർതന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
21
ഗേൎശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേൎശോന്യകുടുംബങ്ങൾ.
22
അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.
23
ഗേൎശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം.
24
ഗേൎശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
25
സമാഗമനകൂടാരത്തിൽ ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും
26
തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.
27
കെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാൎയ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
28
ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാൎയ്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ.
29
കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെഭാഗത്തു പാളയമിറങ്ങേണം.
30
കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം.
31
അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവെക്കുള്ള വേല ഒക്കെയും ആകുന്നു.
32
പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യൎക്കു പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാൎയ്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം.
33
മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാൎയ്യകുടുംബങ്ങൾ ഇവ തന്നേ.
34
അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ.
35
മെരാൎയ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
36
മെരാൎയ്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
37
പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.
38
എന്നാൽ തിരുനിവാസത്തിന്റെ മുൻവശത്തു കിഴക്കു, സമാഗമനകൂടാരത്തിന്റെ മുൻവശത്തു തന്നേ, സൂൎയ്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാൎയ്യമായ വിശുദ്ധമന്ദിരത്തിന്റെ കാൎയ്യം നോക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
39
മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മോലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ.
40
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
41
യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാൻ യഹോവ ആകുന്നു.
42
യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
43
ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.
44
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
45
യിസ്രായേൽമക്കളിൽ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
46
യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലക്കു അഞ്ചു ശേക്കെൽ വീതം വാങ്ങേണം;
47
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
48
അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കൾക്കും കൊടുക്കേണം.
49
ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
50
യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോടു അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെൽ പണം വാങ്ങി.
51
യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books