Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Philippians 3
3 / 4
1
ഒടുവിൽ എന്റെ സഹോദരന്മാരേ, കൎത്താവിൽ സന്തോഷിപ്പിൻ. അതേ കാൎയ്യം നിങ്ങൾക്കു പിന്നെയും എഴുതുന്നതിൽ എനിക്കു മടുപ്പില്ല; നിങ്ങൾക്കു അതു ഉറപ്പുമാകുന്നു
2
നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.
3
നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.
4
പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാൎക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം;
5
എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;
6
ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.
7
എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.
8
അത്രയുമല്ല, എന്റെ കൎത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.
9
ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്തനീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവൎക്കു നൽകുന്ന നീതി തന്നേ ലഭിച്ചു
10
അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും
11
അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവെച്ചും ഞാൻ അവന്റെനിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.
12
ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളു.
13
സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
14
ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.
15
നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.
16
എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചുനടക്കുക.
17
സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.
18
ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.
19
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവൎക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
20
നമ്മുടെ പൌരത്വമോ സ്വൎഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കൎത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.
21
അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books