Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Ezra 8
8 / 10
1
അൎത്ഥഹ്ശഷ്ടാരാജാവിന്റെ കാലത്തു ബാബേലിൽനിന്നു എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിതു:
2
ഫീനെഹാസിന്റെ പുത്രന്മാരിൽ ഗേൎശോം; ഈഥാമാരിന്റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്റെ പുത്രന്മാരിൽ ഹത്തൂശ്;
3
ശെഖന്യാവിന്റെ പുത്രന്മാരിൽ പറോശിന്റെ പുത്രന്മാരിൽ സെഖൎയ്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.
4
പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,
5
ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.
6
ആദീന്റെ പുത്രന്മാരിൽ യോനാഥാന്റെ മകനായ ഏബെദും അവനോടുകൂടെ അമ്പതു പുരുഷന്മാരും.
7
ഏലാമിന്റെ പുത്രന്മാരിൽ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും.
8
ശെഫത്യാവിന്റെ പുത്രന്മാരിൽ മീഖായേലിന്റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്പതു പുരുഷന്മാരും.
9
യോബാവിന്റെ പുത്രന്മാരിൽ യെഹീയേലിന്റെ മകനായ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ടു പുരുഷന്മാരും.
10
ശെലോമീത്തിന്റെ പുത്രന്മാരിൽ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും.
11
ബേബായിയുടെ പുത്രന്മാരിൽ ബേബായിയുടെ മകനായ സെഖൎയ്യാവും അവനോടുകൂടെ ഇരുപത്തെട്ടു പുരുഷന്മാരും.
12
അസാദിന്റെ പുത്രന്മാരിൽ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
13
അദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവു എന്നിവരും അവരോടുകൂടെ അറുപതു പുരുഷന്മാരും.
14
ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.
15
ഇവരെ ഞാൻ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാൎത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
16
ആകയാൽ ഞാൻ എലീയേസെർ, അരീയേൽ, ശെമയ്യാവു, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖൎയ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാൻ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,
17
കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു അവർ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവൎക്കു ഉപദേശിച്ചുകൊടുത്തു.
18
ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നതിനാൽ അവർ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പുത്രന്മാരിൽ വിവേകമുള്ളോരു പുരുഷൻ ശേരബ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ
19
ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരിൽ, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാർ, സഹോദരന്മാർ
20
ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യൎക്കു ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കൽ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.
21
അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
22
ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവൎക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവൎക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയിൽ ശത്രുവിന്റെ നേരെ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു.
23
അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാൎത്ഥിച്ചു; അവൻ ഞങ്ങളുടെ പ്രാൎത്ഥന കേട്ടു.
24
പിന്നെ ഞാൻ പുരോഹിതന്മാരുടെ പ്രധാനികളിൽവെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.
25
രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അൎപ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാൻ അവൎക്കു തൂക്കിക്കൊടുത്തു.
26
ഞാൻ അവരുടെ കയ്യിൽ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും
27
ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊൻപാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.
28
ഞാൻ അവരോടു: നിങ്ങൾ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു ഔദാൎയ്യദാനമാകുന്നു;
29
നിങ്ങൾ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികൾക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാൎക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊൾവിൻ എന്നു പറഞ്ഞു.
30
അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി.
31
യെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.
32
അങ്ങനെ ഞങ്ങൾ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാൎത്തു.
33
നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യിൽ തൂക്കിക്കൊടുത്തു; അവനോടുകൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.
34
എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു.
35
പ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങൾക്കായിട്ടു എല്ലായിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അൎപ്പിച്ചു; അതൊക്കെയും യഹോവെക്കു ഹോമയാഗം ആയിരുന്നു.
36
അവർ രാജാവിന്റെ ആജ്ഞാപത്രങ്ങൾ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാൎക്കും നാടുവാഴികൾക്കും കൊടുത്തു: അവർ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books