Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
Ezra 9
9 / 10
1
അതിന്റെശേഷം പ്രഭുക്കന്മാർ എന്റെ അടുക്കൽവന്നു: യിസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേർപെടാതെ കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, മിസ്രയീമ്യർ, അമോൎയ്യർ എന്നിവരുടെ മ്ലേച്ഛതകളെ ചെയ്തുവരുന്നു.
2
അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാൎക്കും ഭാൎയ്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലൎന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.
3
ഈ വൎത്തമാനം കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചുപറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.
4
പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിൻദൈവത്തിന്റെ വചനത്തിങ്കൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.
5
സന്ധ്യായാഗത്തിന്റെ സമയത്തു ഞാൻ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈ മലൎത്തി പറഞ്ഞതെന്തെന്നാൽ:
6
എന്റെ ദൈവമേ, ഞാൻ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയൎത്തുവാൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളൎന്നിരിക്കുന്നു.
7
ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങൾനിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നുള്ളതുപോലെ വിദേശരാജാക്കന്മാരുടെ കയ്യിൽ വാളിന്നും പ്രവാസത്തിന്നും കവൎച്ചെക്കും അപമാനത്തിന്നും ഏല്പിക്കപ്പെട്ടിരിക്കുന്നു.
8
ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങൾക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളിൽ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങൾക്കു ഒരു പാൎപ്പിടം തരുവാൻ തക്കവണ്ണം ഞങ്ങൾക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.
9
ഞങ്ങൾ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു ജീവശക്തി നല്കുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങൾക്കു ഒരു സങ്കേതം തരുവാനും പാൎസിരാജാക്കന്മാരുടെ ദൃഷ്ടിയിൽ ഞങ്ങൾക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.
10
ഇപ്പോൾ ഞങ്ങളുടെ ദൈവമേ, ഇതിന്നു ഞങ്ങൾ എന്തു പകരം പറയേണ്ടു?
11
നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം ദേശനിവാസികളുടെ മലിനതയാലും ഒരു അറ്റംമുതൽ മറ്റെ അറ്റംവരെ അവർ നിറെച്ചിരിക്കുന്ന മ്ലേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്ന ദേശമത്രേ.
12
ആകയാൽ നിങ്ങൾ ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കൾക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാൎക്കു കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാൎക്കു എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
13
ഇപ്പോൾ ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെമേൽ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങൾക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങൾക്കു ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ
14
ഞങ്ങൾ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ലേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താൽ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?
15
യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാൻ; ഞങ്ങളോ ഇന്നുള്ളതു പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങൾ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതു നിമിത്തം നിന്റെ മുമ്പാകെ നില്പാൻ ആൎക്കും കഴിവില്ല.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books